മഞ്ചേരി: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ പ്രസക്തി അനുദിനം വര്‍ധിച്ചുവരികയാണെന്നും ഇത് കാലഘട്ടം ആവശ്യപ്പെടുന്ന വിദ്യാഭ്യാസ രീതിയാണെന്നും അഡ്വ. എം. റഹ്മത്തുള്ള എംഎല്‍എ. മഞ്ചേരി ഗവൺമെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അധ്യയന വര്‍ഷത്തെ പൊതുപരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച മുഹമ്മദ് അസ്ലമിനെ ചടങ്ങില്‍ എംഎല്‍എ ഉപഹാരം നല്കി ആദരിച്ചു.
സ്കൂളിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കിയ അദ്ദേഹം, മഞ്ചേരി മണ്ഡലത്തിലെ ഏക സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയം എന്ന നിലയില്‍ സ്കൂളിനെ ഒരു മാതൃകാ സെന്ററാക്കി മാറ്റുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. യോഗത്തില്‍ പിടിഎ പ്രസിഡന്റ് സി. മുജീബ് അധ്യക്ഷത വഹിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. അബ്ദുല്‍ മുനീര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അധ്യാപകരായ സഹല, സബീല്‍, റിനു മോന്, ബിന്ദു, ഫൗസിന് കെ., യൂസഫ്, എം.കെ. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.